Thursday, December 16, 2010

Surya:The Real Hero

തമിഴ്നാട്ടില്‍ താരസമവാക്യങ്ങള്‍ മാറിമറിയുന്നു. രജനീകാന്തിനും കമലഹാസനും പിന്നില്‍, മൂന്നാം സ്ഥാനക്കാരനായുള്ള മത്സരം വര്‍ഷങ്ങളായി തമിഴകത്ത് നടക്കുന്നു. ഇളയദളപതി വിജയ്, അള്‍ട്ടിമേറ്റ് സ്റ്റാര്‍ അജിത് എന്നിവരാണ് മൂന്നാം സ്ഥാനത്തിനായി കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരുന്നത്. ഇതില്‍ വിജയ് വിജയം‌ വരിച്ച് നില്‍ക്കവേയാണ് വിക്രം, സൂര്യ എന്നീ താരങ്ങളുടെ ഉദയം. അടിക്കടിയുള്ള പരാജയങ്ങള്‍ വിക്രമിന്‍റെ താരപദവിയുടെ ശോഭ കുറച്ചു. എന്നാല്‍ വിജയ്ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് സൂര്യ മുന്നേറിയത് വളരെ പെട്ടെന്നായിരുന്നു.







രജനീകാന്തും കമലഹാസനും കഴിഞ്ഞാല്‍ തമിഴകത്തിന് ഏറ്റവും പ്രിയങ്കരനായ നായകനായി സൂര്യ മാറി. കാക്ക കാക്ക, ഗജിനി, വേല്‍, വാരണം ആയിരം, അയന്‍, ആദവന്‍, സിങ്കം, രക്തചരിത്രം എന്നീ സിനിമകളിലൂടെ ബോക്സോഫീസില്‍ എതിരാളിയില്ലാത്ത ശക്തിയായി സൂര്യ വളര്‍ന്നു. സൂര്യയുടെ ഡേറ്റിനായി നിര്‍മ്മാതാക്കളുടെ ക്യൂ നീളുന്നു.






ഇപ്പോഴിതാ, യന്തിരന് ശേഷം ഷങ്കര്‍ സംവിധാനം ചെയ്യുന്ന ‘മൂവര്‍’ എന്ന ചിത്രത്തിലേക്ക് സൂര്യ കരാറായിരിക്കുന്നു. ‘3 ഇഡിയറ്റ്സ്’ എന്ന ആമിര്‍ഖാന്‍ ചിത്രത്തിന്‍റെ തമിഴ് റീമേക്കാണ് മൂവര്‍. ഹിന്ദിയില്‍ ആമിര്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ സൂര്യ അവതരിപ്പിക്കുന്നത്(സൂര്യ നായകനായ ഗജിനി ഹിന്ദിയിലെടുത്തപ്പോള്‍ നായകന്‍ ആമിര്‍ഖാനായിരുന്നു എന്നത് ഓര്‍ക്കുക).






3 ഇഡിയറ്റ്സിന്‍റെ തമിഴ് പതിപ്പിലേക്ക് ആദ്യം വിജയ് ആണ് തീരുമാനിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഷങ്കറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് വിജയ് പിന്‍‌മാറി. വിജയ്ക്ക് പകരം നിലവില്‍ അതിനേക്കാള്‍ താരമൂല്യമുള്ളത് ആര്‍ക്ക് എന്ന അന്വേഷണമാണ് ഷങ്കറിനെ സൂര്യയുടെ അടുത്തെത്തിക്കുന്നത്. സൂര്യ ഓകെ പറഞ്ഞതോടെ ‘മൂവര്‍’ ആരംഭിക്കുകയായി.






സൂര്യ, ജീവ, ശ്രീകാന്ത്, സത്യരാജ്, ഇല്യാന എന്നിങ്ങനെയാണ് ഇപ്പോള്‍ മൂവര്‍ സിനിമയുടെ സ്റ്റാര്‍കാസ്റ്റ്. എന്തായാലും അടുത്ത മെഗാഹിറ്റിന് ഷങ്കര്‍ തുടക്കമിട്ടുകഴിഞ്ഞതായാണ് കോടമ്പാക്കം ഉറച്ചുവിശ്വസിക്കുന്നത്.
Source:Yahoo

No comments:

Post a Comment