Thursday, December 30, 2010

India most populous nation by 2025

ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടക്കുന്നു. 2025 ആവുമ്പോഴേക്കും ഇന്ത്യയാവും ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള രാജ്യം!


യുഎസിലെ ജനസംഖ്യാ ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2025 ആവുമ്പോഴേക്കും ഇന്ത്യന്‍ ജനസംഖ്യ ചൈനയെയും മറികടന്ന് 1.396 ബില്യന്‍ എന്ന നിലയിലെത്തും. ചൈനയില്‍ ജനസംഖ്യാ വളര്‍ച്ച നിയന്ത്രണ വിധേയമാക്കിയതാണ് ഇതിനു കാരണമാവുന്നത്.


ഒരു സ്ത്രീക്ക് ഒരു കുട്ടി എന്ന നയമാണ് 1980 മുതല്‍ ചൈന പിന്തുടരുന്നത്. കുടുംബാസൂത്രണ വകുപ്പ് ശക്തമായ ഇടപെടല്‍ നടത്തുന്നതു കാരണം ദമ്പതികളാരും ചട്ടങ്ങള്‍ ലംഘിക്കാന്‍ മുതിരാറുമില്ല.


ശരാശരിക്കണക്കുകള്‍ അനുസരിച്ച് ഒരു സാധാരണ ചൈനക്കാരിക്ക് ജീവിതകാലത്ത് ഒരു കുട്ടിമാത്രമാണ് ഉള്ളത്. എന്നാല്‍, ഇന്ത്യയില്‍ ഒരു സ്ത്രീക്ക് ശരാശരി മൂന്ന് കുട്ടികള്‍ വരെ ഉണ്ടാകാമെന്നും യുഎസ് കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ വിദ്യാഭ്യാസവും നഗരവല്‍ക്കരണവും കാരണം വന്ധ്യതാ നിരക്കിലും സാരമായ കുറവ് വന്നിട്ടുണ്ട്.


ചൈനയിലെ യുവാക്കളുടെ നിര രാജ്യത്തെ ഉല്‍പ്പാദനവും അതുവഴി കയറ്റുമതിയും വര്‍ദ്ധിക്കുന്നതിന് സഹായകമായിട്ടുണ്ട്. എന്നാല്‍, വരും വര്‍ഷങ്ങളില്‍ ചൈനയ്ക്ക് വൃദ്ധരുടെ ഒരു നിരയെ തന്നെ പോറ്റേണ്ടിവരുന്നത് ഉല്‍പ്പാദനത്തിലും വളര്‍ച്ചയിലും തിരിച്ചടിയാവാനുള്ള സാധ്യതയും യുഎസ് തള്ളിക്കളയുന്നില്ല.


യുഎസ് ജനസംഖ്യാ വളര്‍ച്ചയില്‍ ലോകത്ത് മൂന്നാം സ്ഥാനത്തായിരിക്കും. ഇന്തോനേഷ്യ, ബ്രസീല്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നൈജീരിയ എന്നീ രാജ്യങ്ങളായിരിക്കും യുഎസിനു പിന്നില്‍. എന്നാല്‍, ജപ്പാന്‍, ജര്‍മ്മനി, റഷ്യ എന്നീ രാജ്യങ്ങള്‍ ജനസംഖ്യാ വളര്‍ച്ചയുടെ കാര്യത്തില്‍ പിന്നോട്ട് പോകും. 2025 ആവുമ്പോഴേക്കും ജപ്പാന്റെ സ്ഥാനം ഇപ്പോഴത്തെ പത്തില്‍ നിന്ന് ഇരുപതിലേക്ക് മാറുമെന്നും യുഎസ് കണക്കുകള്‍ പ്രവചിക്കുന്നു.

No comments:

Post a Comment