ടിനി ടോം മലയാള സിനിമയില്‍ ചുവടുറപ്പിച്ചുകഴിഞ്ഞു. പ്രാഞ്ചിയേട്ടന്‍റെ വിജയം ടിനി എന്ന നടനെ കുറച്ചൊന്നുമല്ല സഹായിച്ചത്. ചിത്രീകരണം നടക്കുന്ന മിക്ക സിനിമകളിലും ടിനിയുടെ സാന്നിധ്യമുണ്ട്. സുരാജ് വെഞ്ഞാറമ്മൂടിനെപ്പോലെ ടിനിയും പ്രേക്ഷകരുടെ ഹരമായി മാറുകയാണ്.
സിനിമയില്‍ മുഖം കാണിക്കാനായി ഏറെ ബുദ്ധിമുട്ടിയ നടനാണ് ടിനി ടോം. മിമിക്രിയിലൂടെ വരുകയും പിന്നീട് ചാനല്‍ പ്രോഗ്രാമുകളുടെ ഭാഗമാകുകയും ചെയ്തു. അതിനുശേഷം ഏറെക്കാലം സിനിമയില്‍ മമ്മൂട്ടിയുടെ ഡ്യൂപ്പായി അഭിനയിച്ചു. പട്ടണത്തില്‍ ഭൂതം, അണ്ണന്‍ തമ്പി, പാലേരിമാണിക്യം തുടങ്ങിയ സിനിമകളില്‍ ടിനി ടോം മമ്മൂട്ടിയുടെ ഡ്യൂപ്പായിരുന്നു. പിന്നീട് മമ്മൂട്ടിയുടെ സഹായത്തോടെ തന്നെയാണ് ടിനി സിനിമാനടനായി മാറുന്നത്. പട്ടാളം എന്ന സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീടിപ്പോള്‍ പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്.
പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന തന്നെ ഏറെ കരയിച്ച ഒരനുഭവം ടിനി പറയുന്നു, ഒരു ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍. “സിനിമയില്‍ അവസരം തേടി പല സംവിധായകരെയും ഞാന്‍ സമീപിക്കുന്ന സമയം. അപ്പോഴാണ് പട്ടാള സിനിമകള്‍ മാത്രമെടുക്കുന്ന ഒരു സംവിധായകന്‍ എറണാകുളം റസ്റ്റ് ഹൌസില്‍ ഉണ്ടെന്നറിഞ്ഞത്. ഞാന്‍ ചെന്നു. എന്നെ കണ്ടിട്ടും അദ്ദേഹം ഒന്നും മിണ്ടിയില്ല. ഇരിക്കാന്‍ പോലും പറഞ്ഞില്ല. അദ്ദേഹം പട്ടാളം സിനിമയുടെ സെറ്റില്‍ വന്ന് എനിക്ക് പരിശീലനമൊക്കെ തന്നിട്ടുള്ള വ്യക്തിയാണ്. ആ പരിചയം പോലും ഭാവിച്ചില്ല. ഞാന്‍ കാര്യം അവതരിപ്പിച്ചു. അയാള്‍ മുഖമുയര്‍ത്തി എന്നെയൊന്നു നോക്കിയിട്ടു പറഞ്ഞു - ‘ഓ...നിങ്ങളുടെയൊക്കെ സഹായം വേണം. സിനിമയിറങ്ങട്ടെ.... പോസ്റ്റര്‍ ഒട്ടിക്കാന്‍ ആളെ വേണ്ടിവരും. അപ്പോള്‍ വിളിക്കാം’. ഞാന്‍ ആകെ ഉരുകിപ്പോയി. പക്ഷേ, ആ പടം ഇറങ്ങിയപ്പോള്‍ എട്ടുനിലയില്‍ പൊട്ടി മൂക്കുംകുത്തി വീണു. അതില്‍ അഭിനയിക്കാന്‍ സാധിക്കാതിരുന്നത് ഭാഗ്യമായെന്ന് ഞാന്‍ ഇപ്പോള്‍ കരുതുന്നു.” - ടിനി വിശദീകരിച്ചു.
ടിനി പറയുന്ന ആ സംവിധായകന്‍ മേജര്‍ രവി ആണെന്നതില്‍ സംശയമില്ല. ബോക്സോഫീസില്‍ തകര്‍ന്ന ആ ചിത്രം ‘മിഷന്‍ 90 ഡെയ്സ്’ ആയിരിക്കണം. ഇപ്പോഴിതാ, മേജര്‍ രവിയുടെ കാണ്ഡഹാറും പൊട്ടിത്തകര്‍ന്നിരിക്കുന്നു. ടിനിയെപ്പോലുള്ളവരുടെ ശാപമായിരിക്കുമോ കാണ്ഡഹാറിന്‍റെയും വിധി നിര്‍ണയിച്ചത്?
No comments:
Post a Comment