Thursday, December 16, 2010

Anwar:A New Controversy

“തന്‍റെ മോന്ത കണ്ടാല്‍ എനിക്ക് ഷോട്ട് ചെയ്യാന്‍ പറ്റില്ല. തന്നെ ഇനി ലൊക്കേഷനില്‍ കണ്ടാല്‍ ഷൂട്ടിംഗ് ഞാന്‍ പാക്ക് അപ് ചെയ്യും.” ആര് ആരോട് എപ്പോള്‍ പറഞ്ഞു എന്നു ചിന്തിച്ച് തല കേടാക്കേണ്ടെന്നേ. ഒരു സംവിധായകന്‍ തന്‍റെ ചിത്രത്തിനായി കോടികള്‍ മുടക്കിയ നിര്‍മ്മാതാവിനോട് പറഞ്ഞ ഡയലോഗാണിത്. എങ്ങനെയുണ്ട്?







ആരാണ് ആ സംവിധായകനെന്നും ആരാണ് നിര്‍മ്മാതാവെന്നും അറിയണ്ടേ? സംവിധായകന്‍ സാക്ഷാല്‍ അമല്‍ നീരദ്. നിര്‍മ്മാതാവ് - അമല്‍ നീരദിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘അന്‍‌വര്‍’ നിര്‍മ്മിച്ച രാജ് സഖറിയ. ഒരു നിര്‍മ്മാതാവെന്ന നിലയില്‍ തന്‍റെ നിര്‍ദ്ദേശങ്ങള്‍ അന്‍‌വറിന്‍റെ ലൊക്കേഷനിലെത്തി പറഞ്ഞപ്പോഴാണത്രെ അമല്‍ നീരദ് കലിതുള്ളിയത്. രാജ് സഖറിയ തന്നെയാണ് ഒരു ചലച്ചിത്രവാരികയോട് ഇക്കാര്യം വെളിപ്പെടുത്തുന്നത്.






2.75 കോടി രൂപയ്ക്ക് സിനിമ പൂര്‍ത്തിയാക്കാം എന്ന് സംവിധായകന്‍ വാക്കു നല്‍കുകയും ചിത്രീകരണം തുടങ്ങിയതോടെ പറഞ്ഞ വാക്കുകളെല്ലാം പഴയ ചാക്കിനേക്കാള്‍ കഷ്ടമാകുകയും ചെയ്ത കഥയാണ് രാജ് സഖറിയ വെളിപ്പെടുത്തുന്നത്. ഒടുവില്‍ അന്‍‌വര്‍ തിയേറ്ററിലെത്തിയപ്പോള്‍ നിര്‍മ്മാതാവിന്‍റെ കയ്യില്‍ നിന്ന് പോയത് 5.20 കോടി രൂപ!






“അന്‍‌വറിന്‍റെ ക്യാമറാ വര്‍ക്കിനും സംവിധാനം ചെയ്യുന്നതിനുമായി 20 ലക്ഷം രൂപ മതിയെന്നാണ് അമല്‍ നീരദ് ആദ്യം പറഞ്ഞത്. പിന്നീടുപറഞ്ഞു, സാഗര്‍ എലിയാസ് ജാക്കിക്ക് വാങ്ങിയത് 20 ലക്ഷമാണ്. ഇതിന് 25 തരണം എന്ന്. അതും സമ്മതിച്ചു. ഷൂട്ടിംഗ് തുടങ്ങും മുമ്പേ 15 ലക്ഷം എന്‍റെ കൈയില്‍ നിന്ന് വാങ്ങിക്കഴിഞ്ഞു. ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞാണ് ഞാന്‍ സംവിധായകന്‍റെ യഥാര്‍ത്ഥ മുഖം കണ്ടത്. അതുവരെ കണ്ട ആളേ ആയിരുന്നില്ല.” - രാജ് സഖറിയ പറയുന്നു.






“പൃഥ്വിരാജിന്‍റെ പ്രതിഫലം 40 ലക്ഷം രൂപയാണെന്നറിഞ്ഞപ്പോഴാണ് മൊത്തം പ്രശ്നമായത്. പൃഥ്വിരാജിനെപോലെ മാര്‍ക്കറ്റുള്ളയാളാണ് ഞാനും. എനിക്ക് 50 ലക്ഷം രൂപ വേണം. അല്ലെങ്കില്‍ പടം ഇവിടെ ഇട്ടേച്ച് പോകും. എനിക്ക് പ്രഭുദേവയുടെ പടമുണ്ട്. അങ്ങോട്ടുപോയാല്‍ പിന്നെ ഇത് നടക്കില്ല. ഞാന്‍ ഇട്ടേച്ചുപോയെന്ന് താന്‍ എവിടെ വേണമെങ്കിലും പരാതി കൊടുത്തോ, എനിക്കൊരു ചുക്കുമില്ല.” - അമല്‍ നീരദ് തന്നോട് പറഞ്ഞ വാക്കുകള്‍ രാജ് സഖറിയ ഓര്‍ക്കുന്നു. പലപ്പോഴായി 40 ലക്ഷം രൂപ അമല്‍ നീരദ് കൈപ്പറ്റിയെന്നും ഇനിയും 10 ലക്ഷം കൂടി നല്‍കിയെങ്കില്‍ മാത്രമേ അന്‍‌വറിന്‍റെ തമിഴ് പതിപ്പ് ഇറക്കാന്‍ സമ്മതിക്കൂ എന്ന് അമല്‍ പറഞ്ഞിരിക്കുകയാണെന്നും രാജ് സഖറിയ പറയുന്നു.






“സിനിമ റിലീസായി നാലാം ദിവസം മുതല്‍ ആള് കുറഞ്ഞു. റിലീസ് സെന്‍ററുകളില്‍ നിന്ന് പടം മാറ്റി. ഇപ്പോള്‍ ബി, സി സെന്‍ററുകളിലാണ് പടം കളിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും ഒരുകോടി 18 ലക്ഷം രൂപ കൂടി കിട്ടിയെങ്കില്‍ മാത്രമേ എനിക്ക് മുതല്‍ മുടക്ക് തിരിച്ചുകിട്ടുകയുള്ളൂ. ഇപ്പോഴത്തെ അവസ്ഥയില്‍ ഇനി എത്ര രൂപ പിരിഞ്ഞുകിട്ടുമെന്ന് കണ്ടറിയണം.” - നിര്‍മ്മാതാവ് തന്‍റെ ദുഃഖം പങ്കുവയ്ക്കുന്നു.
Source:Yahoo

No comments:

Post a Comment