Thursday, December 16, 2010

Kalabhavan mani and troupe cheats NRKs

കനത്ത പ്രതിഫലം വാങ്ങി ഓസ്ത്രേലിയയിലെ മെല്‍‌ബണില്‍ എത്തിയ കലാഭവന്‍ മണിയും സംഘവും അവതരിപ്പിച്ചത് കാല്‍‌ക്കാശിന് കൊള്ളാത്ത ‘കൂതറ’ പരിപാടിയായിരുന്നുവെന്ന് പ്രവാസികളുടെ ആരോപണം. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓസ്ത്രേലിയന്‍ പ്രൊവിന്‍സിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ 'മണികിലുക്കം 2010' എന്ന പരിപാടിക്ക് കനത്ത തുക നല്‍‌കി ടിക്കറ്റെടുത്തെത്തിയ കാണികള്‍, മണിയുടെയും സംഘത്തിന്‍റെയും വഷളന്‍ പ്രകടനം കണ്ട് ‘വയലന്‍റ്’ ആയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കൂകിവിളിച്ചും വൃത്തികെട്ട ആംഗ്യം കാണിച്ചും കാണികള്‍ പ്രതികരിച്ചു.







നവം‌ബര്‍ 14-നാണ് ഈ പരിപാടി അരങ്ങേറിയതെത്രെ. എന്നാല്‍ പരാതി പുറത്തുവന്നത് ഈ വ്യാഴാഴ്ചയാണ്. മണികിലുക്കത്തെ പറ്റിയുള്ള ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പരിപാടി സംഘടിപ്പിച്ച കമ്മറ്റി യോഗം ചേര്‍ന്നപ്പോഴാണ് ‘ക്വാളിറ്റി’യെ പറ്റി പുറം‌ലോകം അറിയുന്നത്. നവംബര്‍ 12, 13, 14 തിയതികളിലാണ് ഓസ്‌ട്രേലിയയിലെ അഡലെയ്ഡ്, ബ്രിസ്‌ബേന്‍, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ 'മണികിലുക്കം 2010' നടന്നത്. എല്ലായിടത്തും മണിയും സംഘവും പരിപാടി കുളമാക്കി. മെല്‍‌ബണില്‍ എത്തിയപ്പോള്‍ ‘കൂതറ’യുമായി. മെല്‍ബണിലെ കിസ്‌ബ്രോ സെര്‍ബിയന്‍ ഹാളിലാണ് ‘മണികിലുക്കം’ അരങ്ങേറിയത്. കലാഭവന്‍ മണിക്കു പുറമെ നടി നിത്യാദാസ്, ജാഫര്‍ ഇടുക്കി, മനോജ് ഗിന്നസ്, ധര്‍മജന്‍ ഗായകന്‍ സോമദാസ്, ഗായിക മനീഷ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്.






അഞ്ചര മണിക്ക് തുടങ്ങേണ്ടിയിരുന്ന പരിപാടി സമയത്തിന് ആരംഭിക്കാന്‍ കാണികള്‍ ആവശ്യപ്പെട്ടെങ്കിലും കലാഭവന്‍ മണി കലിച്ചെത്രെ. മണിയുടെ പിടിവാശിമൂലം വൈകിയാണ് തുടങ്ങിയതെന്നും പരിപാടിക്കിടയില്‍ മണി ഇടവേള അനുവദിച്ചില്ലെന്നും സംഘാടകര്‍ കുറ്റപ്പെടുത്തുന്നു. ‘കൂതറ’ പരിപാടി അവതരിപ്പിച്ച് പ്രവാസികളെ പറ്റിച്ച കലാഭവന്‍ മണിക്കും സംഘത്തിനും എതിരെ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍‌കാന്‍ പരിപാടി സംഘടിപ്പിച്ച കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പരിപാടിയുടെ പരാജയം ധാര്‍മികമായി കമ്മിറ്റി ഏറ്റെടുത്തുകൊണ്ട് ഇതൊരു വെല്ലുവിളിയായി സ്വീകരിച്ച് കലാമേന്മയുള്ള പരിപാടികള്‍ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ ഭാവിയില്‍ പരിപാടികള്‍ നടത്തുവാനും കമ്മറ്റി തീരുമാനിച്ചു. ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് കമ്മറ്റി ഖേദം പ്രകടിപ്പിച്ചു.






വിദേശരാജ്യങ്ങളില്‍ പോയി സിനിമാപ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ക്ക് ഒട്ടും ഗുണമേന്മ ഉണ്ടാവാറില്ലെന്നത് ആര്‍ക്കും അറിയാവുന്ന കാര്യമാണ്. റെക്കോര്‍ഡ് പാട്ടിട്ട്, പാട്ടുപാടുന്ന രീതിയില്‍ കാണികളെ പറ്റിക്കുക, വെള്ളമടിച്ച് വെളിവില്ലാതെ സ്റ്റേജില്‍ തോന്ന്യാസം കാട്ടുക, ‘വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെ’ന്ന രീതിയില്‍ സ്കിറ്റുകള്‍ അവതരിപ്പിക്കുക തുടങ്ങി ഒട്ടേറെ പരാതികള്‍ ഇത്തരം പരിപാടികള്‍ക്ക് എതിരെ ഉണ്ട്. എക്‌സ്ട്രാ നടിമാരെ പരിപാടിക്കെന്ന വ്യാജേനെ എത്തിച്ച് ‘ഇടപാടുകള്‍’ നടത്തുന്ന സ്പോണ്‍‌സര്‍മാരെ പറ്റിയും പലപ്പോഴായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
 
Source:Yahoo

No comments:

Post a Comment