Sunday, December 26, 2010

നടുക്കുന്ന ഓര്‍മ്മകളുമായി സുനാമി വാര്‍ഷികം

തീരവാസികള്‍ക്ക് കടല്‍ എല്ലാമെല്ലാമാണ്. ദൈവവും അമ്മയും അന്നദാതാവുമെല്ലാം അവര്‍ക്ക് കടലാണ്. കടലമ്മ കനിഞ്ഞാല്‍ തീരത്ത് ഉത്സവമാണ്. കടലമ്മ കോപിച്ചാല്‍ അത് ദാരിദ്ര്യവും കെടുതികളും ഉണ്ടാക്കും. ഏറെ പഴക്കമുള്ള വിശ്വാസമാണിത്. കടലമ്മയെ വിശ്വസിച്ച്, മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന പഴമൊഴി. പാടില്ലാത്തതെന്തെങ്കിലും തീരത്തുണ്ടായാല്‍ കടലമ്മ കോപിക്കുമെന്നതും ഇവര്‍ക്ക് മാര്‍ഗ ദീപമാണ്. വേദനിപ്പിക്കുമ്പോഴും സാന്ത്വനവുമായി കടലമ്മയെത്തും. അതിന് ഏറെ കാത്തിരിക്കേണ്ടിയും വരില്ല.






ജീവീതത്തിന്‍റെ സര്‍വവും കടലമ്മയില്‍ അര്‍പ്പിച്ചു കഴിയുന്ന കടലിന്‍റെ മക്കള്‍ക്ക് 2004 ഡിസംബര്‍ 26 കറുത്ത ദിനമാണ്. തിരയുടെ താണ്ഡവത്തില്‍ അവര്‍ക്ക് ഉറ്റവരുടെ ജീവനും ജീവിതത്തിലെ സകല സമ്പാദ്യങ്ങളും നഷ്ടമായി. ക്രിസ്മസ്‌ പിറ്റേന്ന്‌, 2004 ഡിസംബര്‍ 26ന്‌ ആണു ലോകത്തെ നടുക്കിയ സൂനാമി തിരമാലകള്‍ ഏഷ്യയുടെ പല ഭാഗങ്ങള്‍ക്കുമൊപ്പം ഇന്ത്യന്‍ തീരത്തും കനത്ത നാശം വിതച്ചത്‌.






തമിഴ്‌നാട്ടിലും കേരളത്തിലും ആന്‍ഡമാനിലുമായിരുന്നു ജീവഹാനിയും നാശനഷ്ടവുമേറെ. ഒരു ജീവിതം മുഴുവന്‍ കാത്തുസൂക്ഷിച്ചതെല്ലാം ഒരു നിമിഷംകൊണ്ടു കടലമ്മ തിരിച്ചെടുത്തു. കേരളത്തിന്റെ തീരങ്ങളില്‍ 234 പേര്‍ക്കു ജീവന്‍ നഷ്ടമായി. തമിഴ്‌നാട്ടിലും ആന്‍ഡമാനിലും ആയിരങ്ങളെ കവര്‍ന്നെടുത്ത കടല്‍ പതിനായിരങ്ങളെ നിരാലംബരാക്കി. 8.5 ആയിരുന്നു ആ കടല്‍ ഭൂകമ്പത്തിന്‍റെ തീവ്രത.






ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, ഇന്ത്യേനേഷ്യ എന്നിവിടങ്ങളിലായി രണ്ട് ലക്ഷത്തില്‍ പരം ആളുകളാണ് മരിച്ചത്. സുനാമി തിരമാലകളില്‍ അപ്രത്യക്ഷരായവരും ഇതിലുണ്ട്. ഇന്ത്യോനേഷ്യയില്‍ മരണം ഒരു ലക്ഷത്തിലേറെയാണ്. ഇവിടെയെല്ലാം സുനാമി ദുരന്തത്തില്‍ അവശേഷിപ്പുകള്‍ ഇപ്പോഴും ഉണ്ട്.






ലോകം കണ്ട ഏറ്റവും വലിയ ദുരന്തം കേരളക്കരയേയും കുലുക്കി. കേരളത്തിലെ ഒന്‍പത് തീരജില്ലകളില്‍ തിരമാലകള്‍ ആഞ്ഞടിച്ചു. കേരളത്തില്‍ ഇരുന്നേറ് പേര്‍ മരിച്ചപ്പോള്‍ തമിഴ്നാട്ടിലും ആന്ധ്രയിലും ഇത് ആയിരങ്ങള്‍ കവിഞ്ഞു.






കൊല്ലത്തും ആലപ്പുഴയിലും എറണാകുളത്തും സുനാമിയുടെ നാശം ഭീകരമായിരുന്നു. 200 ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. തീരനിവാസികളുടെ ജീവിതം കരിനിഴലിലായി. വീടും വസ്ത്രവും പണിയായുധവും അവര്‍ക്ക് നഷ്ടമായി. ആശ്വാസ വചനവുമായി പലരുമെത്തി. എന്നിട്ടും അവരുടെ ദുരിതം തുടരുന്നു.






വിദേശ സഹായങ്ങളും പ്രവഹിച്ചു. ഇന്ത്യോനേഷ്യയും മാലിയും ശ്രീലങ്കയും കൈനീട്ടി അവ വാങ്ങിയപ്പോള്‍ ഇന്ത്യ അതിനു തയ്യാറായില്ല. ദുരിതത്തെ നേരിടാനുള്ള കെല്‍പ് രാജ്യത്തിനുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പ്രഖ്യാപിച്ചു. ലങ്കയ്ക്ക് കോടികളുടെ സഹായവും ആധുനിക രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളും ഇന്ത്യ നല്‍കി.

 
കേരളം ഉള്‍പ്പൈടെയുള്ളിടത്ത് സഹായമെത്തിക്കാന്‍ സന്നദ്ധ സംഘടനകളും എത്തി. വീടുകള്‍ നഷ്ടമായവര്‍ക്ക് അവ പുനര്‍നിര്‍മ്മിക്കാനും പദ്ധതികള്‍ തയ്യാറായി. സന്നദ്ധ സംഘടനകള്‍ ഏറ്റ വീടുകളുടെ പണികള്‍ പൂര്‍ത്തിയാക്കി നല്‍കി. ഇനിയും വീടുകള്‍ നിര്‍മ്മിച്ചുക്കൊണ്ടിരിക്കുകയാണ്.







പൂര്‍ണമായും വീടു നഷ്ടപ്പെട്ടവര്‍ക്കായി, സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സ്ഥലത്തു വിവിധ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും നിര്‍മിച്ച 2910 വീടുകള്‍ നേരത്തേ കൈമാറിയിരുന്നു. എന്നാല്‍, ആറാം വര്‍ഷത്തിലേക്കു കടക്കുമ്പോഴും വിവിധ കാരണങ്ങള്‍ കൊണ്ടു പല പദ്ധതികളും മെല്ലെപ്പോക്കിലാണ്‌.






2004ലെ അവസാന ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യോനേഷ്യയില്‍ കടല്‍ ഭൂകമ്പമുണ്ടായപ്പോള്‍ ഇന്ത്യാക്കാര്‍ അടക്കമുള്ളവര്‍ ആഘോഷത്തിന്‍റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നിരുന്നില്ല. തലേന്നത്തെ ക്രിസ്മസ് ദിനത്തിലെ ഓര്‍മകളിലായിരുന്നു അവര്‍. സുനാമി എന്ന പേര്‍ പോലും അന്ന് അവര്‍ക്ക് അന്യം. കടല്‍ ഭൂകമ്പം നാശമുണ്ടാക്കില്ലെന്ന് വിശ്വസിച്ചവരും ഉണ്ട്.






കടലിനുള്ളില്‍ ഉണ്ടാകുന്ന ഭൂചലനത്തിന്‍റെ ഫലമായി തിരമാലകള്‍ കുത്തനെ ഉയരുന്നതാണ് സുനാമി. ആകസ്മികമായി കടല്‍ത്തറയില്‍ ഉണ്ടാകുന്ന ഭൂചലനം തിരമാലകളെ കുത്തനെ ഉയര്‍ത്തും. ഇതിന്‍റെ ഫലമായുണ്ടാകുന്ന സമ്മര്‍ദ്ദമാണ് കടല്‍ വെള്ളത്തെ കരയിലെത്തിക്കുന്നത്. അതിശക്തമായ ഭൂചലനവും തുടര്‍ ചലനവുമാകാം ഇതിന് കാരണം.






ഇന്ത്യയില്‍ സുനാമി ആദ്യമെത്തിയത് തമിഴ്നാടിന്‍റെ തീരത്താണ്. വേളാങ്കണ്ണി പള്ളിയിലും അടയാറിലെ അഷ്ട ലക്ഷ്മി ക്ഷേത്രത്തിലും തിരമാലകള്‍ ഇരമ്പിക്കയറി. അപ്പോള്‍ സമയം 9 മണി കഴിഞ്ഞിരുന്നു. തുടര്‍ന്ന് തെക്കേ ഇന്ത്യയിലെ കടലാകെ പ്രക്ഷുബ്ദമായി. ചെന്നൈയില്‍ നടക്കാനെത്തിയവരേയും വിനോദ സഞ്ചാരികളേയും കടല്‍ കൊണ്ടു പോയി.






ഇത്തരം വാര്‍ത്തകള്‍ വരുമ്പോഴും കേരളിയര്‍ ദുരന്തത്തെ മുന്‍കൂട്ടി കണ്ടില്ല. അധികാരികള്‍ക്കും അത് അറിയാമായിരുന്നില്ല. സുനാമി എന്താണെന്ന് പോലും അവര്‍ മനസ്സിലാക്കിയപ്പോള്‍ വൈകി. ആറാട്ടുപുഴയിലും തൃക്കുന്നിപുഴയിലും കൊച്ചിയിലെ തീരവുമെല്ലാം സുനാമിയുടെ ദുരന്ത ഓര്‍മ്മകളായി.
 
സാധാരണ മീന്‍ പിടുത്തക്കാര്‍ മാത്രമായിരുന്നില്ല സുനാമിയുടെ ഇരകള്‍. പ്രഭാത സവാരിക്കിറങ്ങിയവരും കടലിലെ കുളി ആസ്വദിച്ച വിനോദ സഞ്ചാരികളുമെല്ലാം സുനാമിയില്‍ പെട്ടു. ജപ്പാനിലും മറ്റും സുനാമി സ്ഥിരമാണ്. അവ പ്രതിരോധിക്കാന്‍ മുന്നറിയിപ്പ് സംവിധാനങ്ങളും ഉണ്ട്. കടലില്‍ ഭൂചലനമുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞാലെ സുനാമി തിരമാലകള്‍ എത്തൂ. കടലിലെ ചലനത്തിന്‍റെ തീവ്രത ശാസ്ത്രീയമായി വിലയിരുത്തിയാല്‍ സുനാമി ഉണ്ടാകുമോ എന്ന് മനസ്സിലാകും.







ഭീഷണിയുണ്ടെങ്കില്‍ തീരത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കും. ലളിതമായ പ്രതിരോധമാര്‍ഗ്ഗം. ഇന്ത്യോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ കടല്‍ ഭൂകമ്പം ദുരന്തമുണ്ടാക്കുമെന്ന് സാധാരണക്കാര്‍ക്ക് അറിയില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമുണ്ട്.






എന്നാല്‍ ശാസ്ത്ര ലോകവും അറിഞ്ഞില്ല. ഒരോ സ്ഥലങ്ങളില്‍ കടല്‍ കയറുന്ന വാര്‍ത്തകളെത്തിയപ്പോഴും അവര്‍ മൗനം പാലിച്ചു. അതിന്‍റെ ഫലമാണ് കേരളത്തിലുണ്ടായ ആള്‍ നാശം. ഉച്ചയോടെയാണ് സുനാമി തിരമാലകള്‍ കൊല്ലം, ആലുപ്പുഴ, എറണാകുളം തീരങ്ങളില്‍ ആഞ്ഞടിച്ചത്. ഒരു പക്ഷേ അതിരാവിലെ സുമാത്രയിലുണ്ടായ ഭൂചലനം ദുരിതമുണ്ടാക്കുമെന്ന ഒരു മുന്നറിയിപ്പ് മാത്രം മതിയായിരുന്നു ഇവരുടെ ജീവന്‍ രക്ഷിക്കാന്‍.







കടല്‍ ഭൂകമ്പങ്ങള്‍ ഇപ്പോള്‍ സജീവവുമാണ്. അവ സുനാമി ഉണ്ടാക്കുന്നില്ലെന്ന് മാത്രം. വ്യക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലാത്തതുമൂലം അനാവശ്യമായി മുന്നറിയിപ്പുകളെത്തുന്നു. തീര നിവാസികളെ ഒഴിപ്പിക്കുന്നു. ഒടുവില്‍ അറിയിപ്പും എത്തും സുനാമി ഭീഷണി മാറിയെന്ന്.






തീരവാസികള്‍ക്ക് ക്രമേണ മുന്നറിയില്ലുള്ള വിശ്വാസം നഷ്ടമാകും. പുലി വരുന്നേ പുലി എന്ന പഴഞ്ചൊല്ല് പോലെയാകും ഫലം. യാഥാര്‍ത്ഥ ദുരന്തമെത്തുമ്പോഴുള്ള മുന്നറിയിപ്പ് ചിലരെങ്കിലും അവഗണിക്കും.

No comments:

Post a Comment