Friday, December 17, 2010

Prithviraj Interview-Complains about Superstars

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ തന്നെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ബിഗ്സ്റ്റാര്‍ പൃഥ്വിരാജ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാറായ രജനീകാന്ത് പോലും തന്നെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തുമ്പോള്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ ഭാഗത്തുനിന്ന് അങ്ങനെയൊന്നും ഉണ്ടാകുന്നില്ലെന്നാണ് പൃഥ്വിയുടെ പരാതി. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇങ്ങനെ പറയുന്നത്.







“സൂപ്പര്‍സ്റ്റാറുകള്‍ വിചാരിച്ചാലൊന്നും ആരെയും തടയാന്‍ കഴിയില്ല. കഴിവില്ലാത്തവരെ വളര്‍ത്താനും അവര്‍ക്ക് കഴിയില്ല. അവരുടെ ഭാഗത്തുനിന്ന് ആവശ്യമായ പ്രോത്സാഹനമൊന്നും എനിക്ക് ലഭിക്കുന്നില്ല. ഞാന്‍ മുമ്പുതന്നെ ഇതേക്കുറിച്ച് പരാതി പറഞ്ഞിരുന്നു. ‘രാവണന്‍’ കണ്ടതിനു ശേഷം എന്നെ ഒരു മണിക്കൂര്‍ നേരം ഫോണില്‍ വിളിച്ച് രജനീകാന്ത് അഭിനന്ദിച്ചു. മലയാളത്തിലെ സൂപ്പര്‍താരങ്ങളാരും ഇത്തരത്തില്‍ എന്നെ അഭിനന്ദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല.” - പൃഥ്വിരാജ് പറയുന്നു.






“കഴിവുള്ളവര്‍ എവിടെയായാലും വളര്‍ന്നുവരും. അക്കാര്യത്തില്‍ സംശയമൊന്നും വേണ്ട. അത്തരമൊരാളെ തടയാന്‍ ആര്‍ക്കും കഴിയില്ല. എന്‍റെ കാര്യം തന്നെ നോക്കൂ. ഈ പ്രായത്തില്‍ തന്നെ എന്നെ സൂപ്പര്‍സ്റ്റാര്‍ എന്നു വിളിക്കുന്നില്ലേ? വളരെ വേഗത്തില്‍ എനിക്കു വളരാന്‍ സാധിച്ചില്ലേ? ആദ്യചിത്രമായ നന്ദനം ഇറങ്ങുന്നതിനു മുമ്പുതന്നെ അഞ്ചു സിനിമകളിലേക്കാണ് എനിക്ക് ഓഫര്‍ വന്നത്” - പൃഥ്വി വ്യക്തമാക്കുന്നു.






“ഇത്ര ചെറുപ്പത്തിലേ എന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന് മാധ്യമങ്ങളൊക്കെ വിശേഷിപ്പിക്കുന്നതു കണ്ട് ഞാന്‍ ഇങ്ങനെ വളര്‍ന്നാല്‍ ശരിയാകില്ലെന്നു തോന്നിയതുകൊണ്ടാകാം ചിലരൊക്കെ എന്നെ അഹങ്കാരി എന്നു വിളിക്കുന്നത്. എന്തായാലും അഹങ്കാരി, ധിക്കാരി തുടങ്ങിയ വിശേഷണങ്ങളൊക്കെ ഞാനിപ്പോള്‍ ആസ്വദിച്ചുതുടങ്ങി. എന്‍റെ സിനിമകള്‍ തുടര്‍ച്ചയായി വിജയിക്കുമ്പോള്‍ നോട്ടത്തിലും ഭാവത്തിലുമൊക്കെ എനിക്ക് ധാര്‍ഷ്ട്യമുണ്ടെന്ന് മുദ്ര കുത്തപ്പെടുകയാണ്. ഞാന്‍ ആദ്യം പൊലീസ് വേഷത്തില്‍ അഭിനയിച്ചപ്പോള്‍ ‘ഇവനാര് പൊലീസാകാന്‍’ എന്ന ചോദ്യമാണ് ഉയര്‍ന്നത്. ഞാന്‍ ഇതൊന്നും കേട്ട് പിന്‍‌മാറിയില്ല. അവസാനം റിലീസ് ചെയ്ത ‘ത്രില്ലര്‍’ എന്ന ചിത്രത്തില്‍ ഡെപ്യൂട്ടി കമ്മീഷണറുടെ വേഷമായിരുന്നു ഞാന്‍ ചെയ്തത്” - പൃഥ്വിരാജ് പറയുന്നു
 
Source:Yahoo

No comments:

Post a Comment