തമിഴ് സിനിമാരംഗം ഇന്ന് കരുണാനിധിക്കുടുംബത്തിന്‍റെ അധീനതയിലാണ്. സണ്‍ പിക്ചേഴ്സ്, റെഡ് ജയന്‍റ് മൂവീസ്, ക്ലൌഡ് നയന്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്, മോഹനാ മൂവീസ് തുടങ്ങി കരുണാനിധിയുടെ ബന്ധുക്കളുടെ നിയന്ത്രണത്തിലുള്ള നിര്‍മ്മാണക്കമ്പനികളാണ് ഇന്ന് തമിഴകം ഭരിക്കുന്നത്. വലിയ പ്രൊജക്ടുകളുടെയെല്ലാം പിന്നില്‍ ഈ കമ്പനികളെ മാത്രമേ ഇന്ന് കാണാന്‍ കഴിയൂ. ഇതിനൊരു മാറ്റമുണ്ടാക്കാന്‍ ഒരുങ്ങുകയാണ് അള്‍ട്ടിമേറ്റ് സ്റ്റാര്‍ അജിത്തിന്‍റെ ഭാര്യയും മലയാളിയുമായ ശാലിനി.
അതേ, ശാലിനി നിര്‍മ്മാണക്കമ്പനി തുടങ്ങുകയാണ്. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നാണ് കമ്പനിയുടെ പേര്. ഈ കമ്പനിയുടെ എല്ലാ കാര്യങ്ങളും ശാലിനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും എന്നാണ് അജിത്തിനോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.
തമിഴ് പ്രൊഡ്യൂസേഴ്സ് കൌണ്‍സിലില്‍ ശാലിനി തന്‍റെ കമ്പനി രജിസ്റ്റര്‍ ചെയ്തെന്നാണ് വിവരം. എന്നാല്‍ മലയാളത്തിലെ ആശീര്‍വാദ് സിനിമാസിനെയോ, പ്രണവം ആര്‍ട്സിനെയോ പോലെ ഒരു തീരുമാനം ശാലിനിയുടെ നിര്‍മ്മാണക്കമ്പനി കൈക്കൊണ്ടിട്ടില്ല എന്നാണ് അറിയുന്നത്. മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ മാത്രമാണ് ആശീര്‍വാദും പ്രണവവും നിര്‍മ്മിക്കാറുള്ളത്. എന്നാല്‍ ഏറ്റവും രസകരമായ കാര്യം, ശാലിനി നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് ഇളയദളപതി വിജയ് ആണ് എന്നതാണ്.
അജിത്തിന്‍റെയും വിജയുടെയും ചിത്രങ്ങള്‍ തമ്മിലാണ് തമിഴ്നാട്ടില്‍ ഏറ്റവും വാശിയേറിയ മത്സരം നടന്നിട്ടുള്ളത്. ഇരുവരുടെയും ഫാന്‍സുകള്‍ പലതവണ തെരുവില്‍ ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അജിത്തും വിജയും ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നതാണ് സത്യം. അതുകൊണ്ടുതന്നെ താന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തില്‍ വിജയ് നായകനാകണം എന്നത് അജിത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവത്രേ. അടുത്ത വര്‍ഷം ആദ്യം ശാലിനിയുടെ വിജയ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സൂചനയുണ്ട്.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് അജിത്. അതുകൊണ്ടുതന്നെ കരുണാനിധിക്കുടുംബത്തിന്‍റെ സിനിമാമേഖലയിലെ ഏകാധിപത്യം അവസാനിപ്പിക്കാനായി ജയലളിതയുടെ പരോക്ഷമായ പിന്തുണ അജിത്തിനും ശാലിനിക്കും ഉണ്ടെന്നാണ് പിന്നാമ്പുറ വര്‍ത്തമാനം.
No comments:
Post a Comment