Sunday, December 19, 2010

Monstr, The Hacker Who Created ZeuS Retires, Presumed Rich

ലോകത്തിലെ ഏറ്റവും വലിയ കള്ളന്‍ വിരമിക്കാന്‍ ഒരുങ്ങുകയാണ്, കുറ്റബോധത്തോടെ. അതെ, ഓണ്‍ലൈന്‍ ലോകത്തെ ഏറ്റവും വലിയ കള്ളന്‍, ഹാക്കര്‍ തന്റെ ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ പോകുകയാണെന്ന് അറിയിച്ചിരിക്കുന്നു. വന്‍‌കിട സോഫ്റ്റ്വയര്‍ കമ്പനികളുടെയും ഐ ടി സ്ഥാപനങ്ങളുടെയും പേടിസ്വപ്നമായി മാറിയ ഇദ്ദേഹം വിരമിക്കുന്നു എന്ന വാര്‍ത്ത നെറ്റ് ലോകത്തിന് ആശ്വാസമായിരിക്കുകയാണ്.






ലോകത്തെ ഒട്ടുമിക്ക കമ്പനികളുടെയും നെറ്റ് ശൃംഖലത്തില്‍ തുരന്ന് കയറി വിലപ്പെട്ട രേഖകള്‍ മോഷണം നടത്തി പണം തട്ടുന്ന റഷ്യയിലെ കമ്പ്യൂട്ടര്‍ നുഴഞ്ഞുകയറ്റക്കാരനാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കിംഗ് സൈറ്റുകള്‍ തകര്‍ത്ത് പാസ്‌വേര്‍ഡ് തട്ടുന്ന ഇദ്ദേഹത്തെ ആരും ഇത് വരെ നേരിട്ട് കണ്ടിട്ടില്ലെന്നത് മറ്റൊരു വസ്തുത. എന്നാല്‍, മിക്കവര്‍ക്കും ഇദ്ദേഹത്തെ അറിയാം, ഇദ്ദേഹത്തിന്റെ തട്ടിപ്പിന് ഇരയായവരും കുറവല്ല.






സാങ്കേതിക ലോകത്തിന് ഭീഷണിയായ 'സ്യൂസ്' എന്ന സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചതും ഉപയോഗിച്ചിരുന്നതും ഇദ്ദേഹം തന്നെയായിരുന്നു. ഇത് ഉപയോഗിച്ചാണ് പ്രമുഖ കമ്പനികളുടെ രഹസ്യ വാക്കുകള്‍ തട്ടിയെടുത്തിരുന്നത്. വാണിജ്യ സ്ഥാപനങ്ങളുടെ അക്കൌണ്ടുകളില്‍ നിന്ന് കോടികള്‍ തട്ടുന്നത് സ്ഥിരമാക്കിയ ഇദ്ദേഹം വിലകൂടിയ വാഹനങ്ങളും കൊട്ടാരങ്ങളും വാങ്ങി അടിച്ചുപൊളി ജീവിതം നയിക്കുകയാണ്. എന്നാല്‍, ഈ ഭീകരന്‍ ഇപ്പോഴും അജ്ഞാതമാണ്.






കുറഞ്ഞ കാലം കൊണ്ട് ജനപ്രീതി നേടിയ ഇദ്ദേഹത്തിന്റെ സോഫ്റ്റ്‌വെയര്‍ സ്യൂസ് ഇപ്പോഴും ലഭ്യമാണ്. അമേരിക്കയിലെ വിവിധ വ്യക്തികളില്‍ നിന്നായി നൂറ് മില്യന്‍ ഡോളര്‍ മോഷണം നടത്തി കൊണ്ടാണ് ഇദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ മോഷണത്തിന് തുടക്കമിടുന്നത്. വന്‍ കമ്പനികളിലെ സോഫ്റ്റ്‌വെയറുകളെ കുറിച്ച് നന്നായി പഠിക്കും. പിന്നീട് സ്യൂസ് എന്ന ഹാക്കിംഗ് സോഫ്റ്റ്വയര്‍ ഉപയോഗിച്ച് കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനം തകര്‍ക്കും. പിന്നെ രഹസ്യവാക്കുകള്‍ എല്ലാം നെറ്റ്വര്‍ക്ക് വഴി ഇദ്ദേഹത്തിന് ലഭിക്കും. പിന്നെ മോഷണമാണ്. വേണ്ടത്ര പണം അക്കൌണ്ടുകളില്‍ നിന്ന് തട്ടിയെടുക്കും.






അതേസമയം, വിരമിക്ക പ്രഖ്യാപിച്ചെങ്കിലും ഒരു കള്ളന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് നെറ്റ്വിദഗ്ധര്‍ പറയുന്നത്. ഒരു സുപ്രഭാതത്തില്‍ പുതിയ തന്ത്രങ്ങളുമായി മറ്റൊരു തട്ടിപ്പ് തുടങ്ങിയേക്കാമെന്നും ഇവര്‍ സൂചന നല്‍കുന്നു. ഇതിന് മുമ്പ് 2007ലും 2008ലും ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരുന്നു എങ്കിലും കള്ളന്‍ വീണ്ടും മോഷണം തുടങ്ങുകയായിരുന്നു.

No comments:

Post a Comment