റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജും തമിഴ് താരം ആര്യയും നായകന്മാരാകുന്ന കാര്യം മലയാളം വെബ്ദുനിയ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സിനിമയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിരിക്കുന്നു. ഇരുവരും പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയുടെ പേര് ‘മുംബൈ പൊലീസ്’ എന്നാണ്.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ആദ്യ ആക്ഷന്‍ ത്രില്ലര്‍ സിനിമയായിരിക്കും ഇത്. ബോബി - സഞ്ജയ് ടീം തിരക്കഥയെഴുതുന്ന മുംബൈ പൊലീസ് റോഷന്റെ തന്നെ ബാനറായ ‘1000 എ ഡി’ നിര്‍മ്മിക്കും. 2011 ജൂണിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. അടുത്ത വര്‍ഷം ക്രിസ്മസിനാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
മൂന്ന് നായികമാരാണ് ഈ ചിത്രത്തിലുള്ളത്. നായികമാരെ കണ്ടെത്തുന്നതിനായി ഒരു ടാലന്റ് ഹണ്ട് നടത്താന്‍ റോഷന് ആന്‍ഡ്രൂസ് തീരുമാനിച്ചിരിക്കുകയാണ്. മലയാള സിനിമയ്ക്ക് ഇതുവരെ പരിചയമില്ലാത്ത തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളായിരിക്കും മുംബൈ പൊലീസിന്റെ പ്രത്യേകത. മുംബൈയും കൊച്ചിയും പ്രധാന ലൊക്കേഷനായിരിക്കും.
അതേസമയം, റോഷന് ആന്‍ഡ്രൂസിന്റെ മോഹന്‍ലാല്‍ ചിത്രം കാസനോവയുടെ രണ്ടാം ഘട്ട ചിത്രീകരണം ഫെബ്രുവരിയില്‍ ബാംഗ്ലൂരില്‍ ആരംഭിക്കും. വിഷു റിലീസായി കാസനോവ പ്ലാന്‍ ചെയ്യുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. ഇതോടെ അടുത്ത വര്‍ഷം രണ്ടു വമ്പന്‍ റിലീസുകളാണ് റോഷന് ആന്ഡ്രൂസിനുള്ളത്.
No comments:
Post a Comment